ന്യൂഡൽഹി: രാജ്യത്ത് ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. ജനങ്ങളുടെ പണം കൊള്ളയടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നോട്ട് അസാധുവാക്കലിനു പിന്നാലെ ആദായ നികുതി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കം സംബന്ധിച്ച് സംസാരിക്കവേയാണ് ആനന്ദ് ശർമ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. ഇത്തരം ചില നടപടികളിലൂടെ താൻ ജനകീയനാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും ശർമ കുറ്റപ്പെടുത്തി.പുതിയ പരിഷ്കാരത്തിലൂടെ ആദ്യം തകരുക രാജ്യത്തെ ബാങ്കുകളായിരിക്കുമെന്നും അതിനു ശേഷം ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുമെന്നും ആനന്ദ് ശർമ പരിഹസിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണം കൈകാര്യം ചെയ്യുന്നതിനാണ് ജനങ്ങൾ ക്യൂ നിൽക്കേണ്ടി വരുന്നത് എന്ന് ഓർക്കണമെന്നും ആനന്ദ് ശർമ കൂട്ടിച്ചേർത്തു.