യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയത് കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നുവെന്ന് പൊലീസ്

യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയത് കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നുവെന്ന് പൊലീസ് തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയത് കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എസ്എഫ്െഎ യൂണിറ്റ് കമ്മിറ്റിയെ ധിക്കരിച്ചതാണു വൈരാഗ്യത്തിന് കാരണം. കൂടാതെ ഇവർക്ക് അഖിലിനോട് വ്യക്തിവൈരാഗ്യവുമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു. അഖിൽ കാന്റീനിലിരുന്ന പാട്ടുപാടിയതും എസ്എഫ്ഐ നേതാക്കൾ വിളിച്ചുവരുത്തി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെ പ്രതികരിച്ചതും വിരോധത്തിന് കാരണമായി. കോളജിലെ സമാധാനന്തരീക്ഷം തകർക്കാനും അക്രമങ്ങളും കലാപങ്ങളുമുണ്ടാക്കി വിദ്യാർഥികളുടെ പഠനം മുടക്കാനും സാധ്യതയുള്ളതിനാൽ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പൊലീസ് റിമാൻ‍ഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അതേസമയം, അഖിലിനെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശിവരഞ്ജിത്ത് ആണെന്നതിന് തെളിവായി കയ്യിൽ മുറിവു കണ്ടെത്തിയിരുന്നു. അഖിലിനെ ആക്രമിച്ചതായി നസീം ഉൾപ്പെടെയുള്ള പ്രതികൾ സമ്മതിക്കുകയും ചെയ്തു. ഇന്നലെ രാത്രി തലസ്ഥാനത്തെ എസ്എഫ്ഐ കേന്ദ്രങ്ങൾ വളഞ്ഞുള്ള പൊലീസ് പരിശോധയ്ക്ക് പിന്നാലെയാണ് മുഖ്യ പ്രതികൾ പിടിയിലായത്. യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തിൽ മൂന്നു പേർ കൂടി പിടിയിലായി. അദ്വൈത്, ആരോമൽ, ആദിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. യൂണിറ്റ് കമ്മറ്റി അംഗമായിരുന്ന ഇജാബിന്റെ അറസ്റ്റു നേരത്തെ രേഖപ്പെടുത്തിരുന്നു. ശനിയാഴ്ച രാത്രി നേമത്തെ വീട്ടിൽ നിന്നാണ് ഇജാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടു പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഇനി 5 പേർ കൂടി പിടിയിലാകാനുണ്ട്. മുഖ്യപ്രതികളായ എട്ടു പേർക്കു വേണ്ടിയാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. അതേസമയം, യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ കുത്തേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥി അഖിലിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് അനുമതി ലഭിച്ചില്ല. ‌ അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാലാണു ഡോക്ടർമാർ അനുവാദം നൽകാതിരുന്നതെന്നു പൊലീസ് അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കാൻ എത്തുമെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. അഖിലിനെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശുപത്രിയിൽ എത്തിയിരുന്നു.