എസ്എഫ്ഐ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുന്നു ; സച്ചിൻ ദേവ്

എസ്എഫ്ഐ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുന്നു ; സച്ചിൻ ദേവ് തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിനുശേഷം യൂണിയന്‍ ഓഫിസിൽ ഇല്ലാതിരുന്ന വസ്തുക്കളാണ് പിന്നീടു കണ്ടെടുത്തതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. ഇതില്‍ ‌അന്വേഷണം വേണം. എസ്എഫ്ഐ നിയമനടപടി സ്വീകരിക്കും. സംഘടനയെ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നും ഇതിനെ നേരിടുമെന്നും സച്ചിൻ ദേവ് പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് സംഭവത്തില്‍ മനുഷ്യസാധ്യമായ എല്ലാ നടപടിയും സംഘടന സ്വീകരിച്ചു കഴിഞ്ഞു. പൊലീസിന്റെ സ്വതന്ത്ര അന്വേഷണത്തെ എസ്എഫ്ഐ പിന്തുണച്ചെന്നും മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുമെന്നും സച്ചിന്‍ ദേവ് പറഞ്ഞു. എസ്എഫ്ഐ യൂണിറ്റ് ഓഫിസായി പ്രവർത്തിച്ചിരുന്ന മുറി ഒഴിപ്പിച്ച് ക്ലാസ് നടത്താനായി വിട്ടുകൊടുക്കാൻ കോളജ് കൗൺസിൽ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഓഫിസ് ക്ലാസ് മുറിയായി മാറ്റിയിട്ടുണ്ടെന്നു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ പറഞ്ഞു. മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മുറി ഇനി മുതല്‍ അത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും അവർ പറഞ്ഞു. കോളജ് യൂണിയനു നൽകിയ മുറിയാണ് എസ്എഫ്ഐ ഓഫിസാക്കി മാറ്റിയിരുന്നത്. ഇവിടെ ആയുധശേഖരമുണ്ടെന്നും ‘ഇടിമുറി’യായി ഉപയോഗിക്കുകയാണെന്നും പരാതി ഉയർന്നിരുന്നു. പൊലീസ് പരിശോധനയിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും കത്തികളും കണ്ടെടുത്തിരുന്നു.