പൊലീസ് മൂന്നാം മുറ പ്രയോഗിച്ചെന്നു ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ശാലിനി

പൊലീസ് മൂന്നാം മുറ പ്രയോഗിച്ചെന്നു ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ശാലിനി ഹരിഹരൻ. വനിത പൊലീസ് ഉദ്യോഗസ്ഥ തന്റെ സ്വകാര്യഭാഗങ്ങളിൽ പച്ചമുളക് പുരട്ടി ചോദ്യം ചെയ്തു. പൊലീസുകാർ തന്നോടും മഞ്ജുവിനോടും മോശമായി പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. കുമാറിനെ മർദിച്ചതിനു ശേഷമാണ് എസ്ഐ കെ.എ. സാബുവിന്റെ നിർദേശമനുസരിച്ച് വനിത പൊലീസുകാർ തന്നെയും മഞ്ജുവിനെയും മർദിച്ചത്. പിരിച്ചെടുത്ത പണം എവിടെയെന്നു ചോദിച്ചായിരുന്നു മർദനം പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച കോലാഹലമേട് സ്വദേശി കുമാർ (രാജ് കുമാർ) ഒന്നാം പ്രതിയായ ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളാണ് ശാലിനിയും മഞ്ജുവും. കുമാറിനെ പൊലീസുകാർ മർദിക്കുന്നത് താൻ കണ്ടതാണെന്നും ശാലിനി പറഞ്ഞു. തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും കുമാറാണ് തന്നെ സ്ഥാപനത്തിന്റെ എംഡിയാക്കിയതെന്നും ശാലിനി പറഞ്ഞു. ഹരിത ഫിനാൻസിൽ നിന്ന് ലഭിക്കുന്ന പണം ഫിനാൻസ് സ്ഥാപനം തുടങ്ങാനും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുമാണ് കുമാർ ഉപയോഗിച്ചിരുന്നത്. നാട്ടുകാരുടെ പണം എങ്ങനെ തിരിച്ചടയ്ക്കും എന്ന് അന്വേഷിച്ചപ്പോൾ കുട്ടിക്കാനത്തെ വസ്തു വിറ്റ് കിട്ടിയ 4.60 കോടി രൂപ കൈയിലുണ്ടെന്നും അത് നാസർ എന്ന അഭിഭാഷകനെ ഏൽപിച്ചിരിക്കുകയാണെന്നുമാണ് കുമാർ പറഞ്ഞത്. കുമാറിന് ബാങ്കുകളിൽ നിക്ഷേപമില്ലെന്നും ശാലിനി പറഞ്ഞു. തൂക്കുപാലത്ത് ഓഫിസ് തുറന്നതിനു ശേഷം ഒട്ടേറെ പൊലീസുകാർക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. കുമാറിനോട് എസ്ഐ സാബു 50,000 രൂപ ആവശ്യപ്പെട്ടിരുന്നു.