പിറവം: ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയായ യുവതിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം പള്ളിക്കാവിന് സമീപം താമസിക്കുന്ന മരങ്ങോലത്ത് ശ്രേയസ് ഭവനിൽ മർച്ചന്റ് നേവി ഉദ്യോഗസ്‌ഥനായ പി.കെ. പ്രസാദിന്റെ ഭാര്യ ധന്യ ദാസ് (30) ആണു മരിച്ചത്. ഉച്ചയോടെ പാഴൂർ പടിപ്പുര റോഡിൽ നെല്ലിക്കൽ കടവിനു സമീപം പുഴയുടെ ഓരത്ത് മൃതദേഹം കിടക്കുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്. കരയിൽ സ്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നത് കടവിൽ കുളിക്കാനെത്തിയ അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പുഴയുടെ തീരത്ത് ചെരുപ്പുകളും ബാഗും കണ്ടതോടെ സംശയം തോന്നിയ ഇവർ പരിസരം ശ്രദ്ധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കടവിൽ നിന്ന് 20 മീറ്റർ അകലെ വള്ളിപ്പടപ്പിനുള്ളിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.ഭർതൃമാതാവിനും ഏകമകനുമൊപ്പം പള്ളിക്കാവിന് സമീപമുള്ള വീട്ടിലാണ് ധന്യ താമസിച്ചുവന്നിരുന്നത്. വൈക്കത്തുള്ള ധന്യയുടെ വീട്ടിൽ മകനെ നിർത്തിയ ശേഷം മടങ്ങിയെത്തിക്കഴിഞ്ഞാണ് സംഭവമുണ്ടായത്. അതേസമയം വീട്ടിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും മുഖം കഴുകുന്നതിനും മറ്റുമായി കടവിൽ നിന്നു പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് അപകടമുണ്ടായതായിരിക്കാമെന്നാണ് ധന്യയുടെ പിതാവ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്