പി. പത്മകുമാർ സിപിഎമ്മിൽ ചേർന്നു

തിരുവനന്തപുരം: ആർഎസ്എസ് പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്‌ഥാന സെക്രട്ടറിയുമായിരുന്ന പി. പത്മകുമാർ സിപിഎമ്മിൽ ചേർന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് പത്മകുമാർ തീരുമാനം പ്രഖ്യാപിച്ചത്. കരമന മേലാറന്നൂർ സ്വദേശിയാണ് പത്മകുമാർ.ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളാണ് തന്നെ സിപിഎമ്മിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് പത്മകുമാർ പറഞ്ഞു. സ്‌ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല. ആർഎസ്എസ് നേതാക്കളായിരുന്ന ഒ. കെ. വാസുവും സുധീഷുമെല്ലാം സ്വീകരിച്ച പാതയിലേക്ക് തന്റെ മനസും ഏറെനാളായി സഞ്ചരിക്കുകയായിരുന്നു. ഒടുവിൽ നോട്ട് നിരോധന വിഷയത്തിൽ സംഘപരിവാർ സ്വീകരിച്ച നിലപാടു കൂടിയായപ്പോൾ ഇനിയും സഹിക്കാനാവില്ലെന്ന് ഉറപ്പിച്ചു. സഹകരണ പ്രസ്‌ഥാനത്തെയും കേരള സമൂഹത്തെയും സമ്പൂർണ തകർച്ചയിലേക്ക് തള്ളിവിടുമ്പോൾ അപശബ്ദവുമായി നിലകൊള്ളുന്ന ഒ. രാജഗോപാൽ എംഎൽഎയുടെയും കുമ്മനം രാജശേഖരന്റെയുമെല്ലാം നിലപാടുകൾ നാടിനെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. സിപിഎമ്മിനൊപ്പം നിന്ന് ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കുവേണ്ടി പേരാടുമെന്നും പത്മകുമാർ പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ ആർഎസ്എസ് നേതാക്കളിൽ മുതിർന്ന വ്യക്‌തിയായ പത്മകുമാർ സിപിഎമ്മിനൊപ്പം ചേർന്നതോടെ കൂടുതൽ പേർ ആർഎസ്എസ് വിട്ടുവന്നിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു