ബി.ജെ.പിയുടെ ശക്തിദുര്ഗങ്ങളായ മൂന്നു സംസ്ഥാനങ്ങളാണ് കോണ്ഗ്രസ് തിരിച്ചുപിടിച്ചത്. ഈ വിജയത്തോടെ ലോക്സഭ തിരഞ്ഞെടുപ്പില് ബി.ജെ.പി. വിരുദ്ധ ചേരിയുടെ കേന്ദ്രം തങ്ങള് തന്നെയെന്ന് കോണ്ഗ്രസ് പ്രഖ്യാപിക്കുന്നു. മധ്യപ്രദേശില് കണ്ടതുപോലെ ഒരു കടുത്ത മത്സരം തന്നെ 2019 ലും കണ്ടേക്കാം. കേരള രാഷ് ട്രീയത്തില് ദുര്ബലമാകുന്നോ എന്ന് ആശങ്കപ്പെട്ട കോണ്ഗ്രസിന് ഇത് പുതുജീവന് നല്കും. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില് ബി.ജെ.പിയും കോണ്ഗ്രസും രണ്ട് ചേരിയായി മത്സരിക്കുമ്പോള് കേരളത്തിലെ വോട്ടിങ് രീതിയിലും അത് ചലനങ്ങളുണ്ടാക്കിയേക്കും. കോണ്ഗ്രസിന് പൊതുതിരഞ്ഞെടുപ്പില് സാധ്യത വര്ധിക്കുന്നുവെന്ന പ്രതീതി സൃഷ് ടിക്കപ്പെട്ടിരിക്കുന്നു. അത് തങ്ങള്ക്ക് ഗുണമാകുമെന്ന് കേരളത്തിലെ കോണ്ഗ്രസ് നേതാക്കള് പറയുന്നു. എന്നാല് മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല, മറിച്ച് 15 വര്ഷം തുടര്ച്ചയായി ഭരിച്ചതിനാലുള്ള വിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമെന്ന് ബി.ജെ.പി. ന്യായീകരിക്കുന്നു. ശബരിമല അടക്കം ഉറച്ച നിലപാടിനുള്ള അംഗീകാരം ജനം നല്കുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. മോദി പ്രഭാവവും ശബരിമലയും വിഷയമാക്കി ലോക്സഭയില് ഒരു കൈ നോക്കാന് ബി.ജെ.പി. അരയും തലയും മുറുക്കുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് ശ്രീധരന്പിള്ള യുവമോര്ച്ച യോഗത്തില് പറഞ്ഞ ഒരു വശത്ത് ഭരിക്കുന്ന സി.പി.എമ്മും മറുവശത്ത് നമ്മളും മാത്രമായിരിക്കും അവശേഷിക്കുക എന്ന സാധ്യതയിലേക്ക് കോണ്ഗ്രസ് വിജയത്തോടെ ദൂരം കൂടുകയാണ്.