നോട്ട് പ്രതിസന്ധി: ബന്ദല്ല, രാജ്യവ്യാപക പ്രതിഷേധമെന്നു ജയ്റാം രമേശ്

നോട്ട് പ്രതിസന്ധി: ബന്ദല്ല, രാജ്യവ്യാപക പ്രതിഷേധമെന്നു കോൺഗ്രസ് ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വികലമായ സാമ്പത്തിക പരിഷ്കാരങ്ങൾക്കെതിരേ രാജ്യവ്യാപക പ്രതിഷേധത്തിനാണു കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ഭാരത് ബന്ദല്ലെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഭാരത് ബന്ദാണെന്നു ബിജെപി വ്യാജപ്രചാരണം നടത്തുകയാണ്. പ്രതിഷേധ കൂട്ടായ്മയാണു കോൺഗ്രസിന്റെ ലക്ഷ്യമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.അടുത്തവർഷം ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു നടക്കുന്ന വിവരം എവിടെയോ വായിച്ചറിഞ്ഞ മോദി, 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ പിൻവലിച്ച് ചൂതാട്ട രാഷ്ട്രീയം കളിക്കുകയാണ്. സ്വിസ് ബാങ്കിലെ കള്ളപ്പണം പുറത്തു കൊണ്ടുവരുമെന്ന വാഗ്ദാനം അധികാരത്തിലേറിയപ്പോൾ മോദി മനഃപൂർവം മറന്നു. സ്യൂട്ട് ബൂട്ട് സർക്കാരിന് ഇപ്പോഴും ആഡംബര ജീവിതമാണ്. സർക്കാരിന്റെ നടപടിമൂലം കള്ളപ്പണമില്ലാത്ത സാധാരണക്കാരാണു വലഞ്ഞതെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ സഖ്യകക്ഷിയിലെ അംഗമായ നിതീഷ്കുമാർ എന്തുകൊണ്ട് പ്രതിഷേധത്തിനെതിരായി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ജെഡി–യു നേതാവ് ശരദ് യാദവ് അനുകൂലിക്കുന്നില്ലേ എന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി.കള്ളപ്പണത്തെയും അഴിമതിയെയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ല. എന്നാൽ, ഈ നടപടികൾ അതിനു പരിഹാരമല്ലെന്നാണു കോൺഗ്രസിന്റെ നിലപാടെന്നും ജയ്റാം രമേശ് പറഞ്ഞു.