ലൈംഗികാതിക്രമ പരാതി: പി.കെ.ശശി എംഎല്‍എയെ സിപിഎം സസ്പെൻഡു ചെയ്തു

ലൈംഗികാതിക്രമ പരാതിയെ തുടർന്നു പി.കെ.ശശി എംഎല്‍എയെ സിപിഎം സസ്പെൻഡു ചെയ്തു. ആറു മാസത്തേയ്ക്കാണ് സസ്പെൻഷൻ. പാർട്ടി സംസ്ഥാന കമ്മറ്റിയുടെതാണ് അച്ചടക്കനടപടി. നേരത്തെ, ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നു പാര്‍ട്ടി അന്വേഷണ കമ്മിഷന്. ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നാണ് പാര്‍ട്ടി കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു. യുവതിയുമായി ശശി നടത്തിയ ഫോണ് സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംപിയുമാണ് കമ്മിഷനിലെ അംഗങ്ങള്. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനിൽ തർക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്‍റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങൾക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന് റിപ്പോര്‍ട്ട് തയാറാക്കിയത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയില് പാര്‍ട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു. അതിനു ശേഷമാണ് നടപടി. പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന് ശുപാര്‍ശ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തെങ്കിലും പി.കെ.ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി ജനറല് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.