പിണറായി മന്ത്രിസഭയിലെ ജനതാദൾ (എസ്) പ്രതിനിധി മാത്യു ടി. തോമസ് സ്ഥാനമൊഴിയും. ദൾ സംസ്ഥാന പ്രസിഡന്റും ചിറ്റൂർ എംഎൽഎയുമായ കെ. കൃഷ്ണൻകുട്ടി ജലവിഭവ മന്ത്രിയാകും. ദളിൽ രൂപം കൊണ്ട രൂക്ഷമായ തർക്കത്തിനൊടുവിൽ കേന്ദ്ര നേതൃത്വത്തിന്റേതാണു തീരുമാനം. തീരുമാനമെടുത്ത ചർച്ചയിൽനിന്നു വിട്ടുനിന്ന് മാത്യു ടി. തോമസ് പ്രതിഷേധം വ്യക്തമാക്കിയെങ്കിലും പാർട്ടിനിർദേശം അംഗീകരിക്കുമെന്ന് അറിയിച്ചു. ദൾ എംഎൽഎമാരായ കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ബെംഗളൂരുവിൽ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുമായി നടത്തിയ ചർച്ചയിലാണു പ്രഖ്യാപനമുണ്ടായത്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ, രണ്ടര വർഷത്തിനു ശേഷം ദളിന്റെ മന്ത്രിപദം കെ. കൃഷ്ണൻകുട്ടിക്കു കൈമാറാൻ ധാരണയുണ്ടായിരുന്നെന്നു ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു. ഇതു സംബന്ധിച്ച് ഒൗദ്യോഗികമായി കത്ത് കൈമാറും. ഇടതു മുന്നണി കൺവീനറെയും മുഖ്യമന്ത്രിയെയും ഫോണിൽ തീരുമാനം അറിയിച്ചിട്ടുണ്ട്. മാത്യു ടി.തോമസ് എതിർപ്പൊന്നുമില്ലാതെ ഇക്കാര്യം അംഗീകരിച്ചെന്നും ഡാനിഷ് അലി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിമാരിൽ ഒരാളാണു മാത്യു.ടി തോമസ്. എന്നാൽ ദേശീയ- സംസ്ഥാന നേതൃത്വം നേരത്തേയെടുത്ത തീരുമാനപ്രകാരം മന്ത്രിയെ മാറ്റേണ്ടത് അനിവാര്യമായിരുന്നു. ഇതുവരെ കെ. കൃഷ്ണൻകുട്ടി എംഎൽഎ ആയപ്പോഴൊക്കെ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നതിനാൽ അദ്ദേഹത്തിനു മന്ത്രിയാകാൻ അവസരം ലഭിച്ചിരുന്നില്ല. ഇതും പരിഗണിച്ചെന്നു ഡാനിഷ് അലി പറഞ്ഞു. മന്ത്രിപദം വച്ചുമാറാമെന്ന ധാരണ ഇല്ലെന്ന നിലപാടിലായിരുന്നു മാത്യു ടി. തോമസ്.