പ്രളയകാരണം വകുപ്പുകളുടെ കെടുകാര്യസ്ഥത, ഏകോപനമില്ലായ്മ; ആഞ്ഞടിച്ച് പ്രതിപക്ഷം... ∙ ജലവിഭവ, വൈദ്യുതി വകുപ്പുകളുടെ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയുമാണു മഹാപ്രളയത്തിലേക്കു കേരളത്തെ തള്ളിവിട്ടതെന്നു നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. അണക്കെട്ടുകൾ തുറന്നുവിടുന്നതിൽ ആലോചനയില്ലാതെ ഇവർ ചെയ്ത നടപടികളാണു കേരളത്തെ പ്രളയത്തിൽ മുക്കിയത്. നവകേരളനിർമിതിക്കു സർക്കാരിനു പിന്തുണ നൽകുന്നതിനൊപ്പം തന്നെ വീഴ്ചകൾ തുറന്നു കാട്ടുകയെന്ന പ്രതിപക്ഷധർമം നിറവേറ്റുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .. കെഎസ്ഇബി നാഥനില്ലാക്കളരിയായിരിക്കുന്നുവെന്നു ചെന്നിത്തല ആരോപിച്ചു. ഷോളയാറും മറ്റും തുറന്നുവിടുന്നതുമായി ബന്ധപ്പെട്ടു തീരുമാനമെടുക്കുന്നതിൽ തമിഴ്നാടിനൊപ്പമുള്ള അവകാശം സംരക്ഷിക്കുന്നതിൽ ജലവിഭവവകുപ്പ് പരാജയപ്പെട്ടു. രക്ഷാപ്രവർത്തനം യഥാർഥത്തിൽ ജനങ്ങളുടെ വിജയമാണ്. ‘ചെങ്ങന്നൂരിനെ രക്ഷിക്കൂ’ എന്ന സജി ചെറിയാന്റെ വിലാപം എല്ലാവരും കേട്ടതാണ്. സൈന്യത്തെ വിളിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം തന്നെയാണു താനും പറഞ്ഞത്. രാഷ്ട്രീയം മാറ്റിവച്ചു സർക്കാരുമായി സഹകരിക്കുന്ന സമീപനമാണ് പ്രതിപക്ഷം ആദ്യം മുതൽ സ്വീകരിച്ചത്. അതുകൊണ്ടാണു ക്ഷണിച്ചപ്പോൾ ഹെലിക്കോപ്റ്ററിൽ മുഖ്യമന്ത്രിയോടൊപ്പം യാത്രചെയ്തത്. ഒരു നല്ല സന്ദേശം നൽകാൻ അതു സഹായകമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, സർക്കാരിന്റെ വീഴ്ചകൾ കൂടി ചൂണ്ടിക്കാട്ടിയില്ലെങ്കിൽ വരുംതലമുറ മാപ്പുതരില്ല–