നെയ്യാറ്റിൻകര നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സിപിഎമ്മിലെ ടി.എസ്. സുനിൽകുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് അംഗ കമ്മിറ്റിയിൽ കേരള കോണ്‍ഗ്രസ്- എം പ്രതിനിധിയുടെ പിന്തുണയോടെയാണ് സുനിൽകുമാർ വിജയിച്ചത്. പുന്നയ്ക്കാട് വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് വിമതൻ പുന്നയ്ക്കാട് സജു പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ നഗരസഭ കൗണ്‍സിൽ ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. റീസർവേ നെയ്യാറ്റിൻകര അസിസ്റ്റന്റ് ഡയറക്ടർ വി. പ്രകാശ് ആയിരുന്നു വരണാധികാരി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കും മാത്രമേ ഹാളിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. വോട്ടെടുപ്പ് സമയത്ത് ഹാളിൽ ഇരിക്കാൻ അനുമതിയില്ലെന്ന് മാധ്യമപ്രവർത്തകരോട് വരണാധികാരി നിർദേശിച്ചു. രാവിലെ 11.15 വരെയായിരുന്നു ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി. അതിനിടയിൽ രണ്ടു പത്രികകൾ ലഭിച്ചു. നേരത്തെ ചെയർമാനായിരുന്ന പുന്നയ്ക്കാട് സജുവും സജുവിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയ ടി.എസ്. സുനിൽകുമാറും. ഇവരെ കൂടാതെ കോണ്‍ഗ്രസിലെ എ. സലിം, എം. സുനിതകുമാരി, കേരള കോണ്‍ഗ്രസ് - എമ്മിലെ ബി. സുരേഷ്കുമാർ, സിപിഎമ്മിലെ ജി. ബാബുരാജ്, ഡി. സൗമ്യ എന്നിവരാണ് ഈ കമ്മിറ്റിയിലെ അംഗങ്ങൾ. മൂന്നിനെതിരെ നാല് വോട്ടുകൾക്ക് ടി.എസ് സുനിൽകുമാർ വിജയിച്ചതായി വരണാധികാരി അറിയിച്ചു. നെയ്യാറ്റിൻകര നഗരസഭയിൽ കുളത്താമൽ വാർഡിനെയാണ് സുനിൽകുമാർ പ്രതിനിധീകരിക്കുന്നത്. നഗരസഭ കൗണ്‍സിലറാകുന്നത് മൂന്നാം തവണയാണ്. കുളത്താമലിനു പുറമേ തവരവിളയിൽ നിന്നും നേരത്തെ സുനിൽകുമാർ വിജയിച്ചിട്ടുണ്ട്. കർഷക തൊഴിലാളി യൂണിയൻ നെയ്യാറ്റിൻകര ഏരിയാകമ്മിറ്റി സെക്രട്ടറി, സിപിഎം അമരവിള ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ നിലവിൽ പ്രവർത്തിക്കുന്നു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സുനിൽകുമാറിനെ കെ. ആൻസലൻ എംഎൽഎ, സിപിഎം ഏരിയാ സെക്രട്ടറി പി.കെ രാജ്മോഹൻ, നഗരസഭ ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ ഷിബു എന്നിവർ അഭിനന്ദിച്ചു.