തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസറെയും ഗാനമേള ട്രൂപ്പിലെ കലാകാരന്മാരെയും ആക്രമിച്ച കേസിലെ രണ്ടു പ്രതികൾ അറസ്റ്റിൽ. ഇക്കൂട്ടത്തിൽ ഒരാൾ കൊലപാതക കേസിലെയും പ്രതിയെന്ന് പോലീസ് പറഞ്ഞു. ആറാലുംമൂട് സ്വദേശി വിഷ്ണു (23), വെണ്പകൽ ഭാസ്കർ നഗർ സ്വദേശി പക്കി എന്ന ദീപക് (28) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി. അശോക് കുമാറിന്റെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈഎസ്പി ബി. ഹരികുമാർ, സിഐ എസ്.എം. പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കമുകിൻകോട് പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന നെയ്യാറ്റിൻകര സ്റ്റേഷനിലെ സിപിഒ രതീഷ്, ഗാനമേള ട്രൂപ്പിലെ ധനുവച്ചപുരം സ്വദേശി ആർ. റജി എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്. കൊലപാതകം ഉൾപ്പെടെ ആറോളം കേസുകളിലെ പ്രതിയാണ് വിഷ്ണു എന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം പയറ്റുവിളയിൽ മധ്യവയസ്ക്കനെ വെട്ടിക്കൊന്ന കേസ് കൂടാതെ, പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനും പട്ടം പിഎസ്സി ഓഫീസിനു സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനും ആറാലുംമൂട്ടിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഒരു യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിനും വടിവാളും നാടൻ ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും വിഷ്ണവിന്റെ പേരിൽ കേസുകളുണ്ട്. പോലീസിനോടുള്ള വൈരാഗ്യമാണ് രതീഷിനെ ആക്രമിച്ചതിനു പിന്നിലുള്ളതെന്ന് മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. നെയ്യാറ്റിൻകര എസ്ഐ ബിജോയ്, പാറശാല എസ്ഐ വിനീഷ്, എസ്ഐ മാരായ ജലാലുദ്ദീൻ, ശ്രീകണ്ഠൻനായർ, സോളമൻ, എഎസ്ഐമാരായ ശ്രീകണ്ഠൻ, സാബു എന്നിവരും ഷാഡോ ടീമിലെ പോൾവിൻ, പ്രവീണ് ആനന്ദ്, അജിത്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ പ്രമോദ്കുമാർ, രാജീവ്, സജിമോൻ, ഹരികൃഷ്ണൻ, അഭിലാഷ്, ദീപു, അനിൽകുമാർ, ടിനോ ജോസഫ്, അനിൽ, വിപിൻ, മുജീബ്, മണി, വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.