ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് കൂച്ചുവിലങ്ങു വീണു - ഒരു ലക്ഷം രൂപവരെ പിഴ ശിക്ഷ

തിരുവനന്തപുരം: ക്ലിനിക്കൽ സ്ഥാപനങ്ങളുടെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷനും നിയന്ത്രണവും) ബിൽ നിയമസഭ പാസാക്കി. കണ്സൾട്ടേഷൻ സേവനങ്ങൾ മാത്രം നൽകുന്ന സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ബിൽ ഇന്നലെ പാസാക്കിയത്. ഇതുപ്രകാരം കിടത്തി ചികിത്സ ഇല്ലാത്ത സ്ഥാപനങ്ങളും ക്ലിനിക്കുകളും ബില്ലിൽ നിന്ന് ഒഴിവാക്കപ്പെട്ടു. കരട് ബില്ലിൽ സായുധ സേനകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നടത്തിപ്പിലുമുള്ള ക്ലിനിക്കൽ സ്ഥാപനങ്ങളെ മാത്രമായിരുന്നു ഒഴിവാക്കിയിരുന്നത്. സബ്ജക്ട് കമ്മറ്റിയുടെ നിർദേശപ്രകാരമാണ് കണ്സൾട്ടേഷൻ സേവനങ്ങൾ മാത്രമുള്ള സ്ഥാപനങ്ങളെ ഒഴിവാക്കിയത്. കേന്ദ്രസർക്കാർ 2010ൽ പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ ചുവടുപിടിച്ചാണ് ബിൽ അവതരിപ്പിച്ചത്. ജൂണിനകം നടപ്പിൽ വരുന്ന രീതിയിൽ നിയമത്തിന് ചട്ടം തയാറാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള സ്ഥാപനങ്ങൾ ബില്ലിന്റെ പരിധിയിൽ വരും. ആശുപത്രി, ക്ലിനിക്, നഴ്സിംഗ് ഹോം, സാനിറ്റോറിയം, ലബോറട്ടറികൾ എന്നിവ ബില്ലിന്റെ പരിധിയിൽ വരും. ഇതുവരെ നിയമപരമായ നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് ബിൽ പ്രാബല്യത്തിൽ വരുന്നതോടെ നിയമപ്രകാരമെ പ്രവർത്തിക്കാനാവൂ. ബിൽ പ്രകാരം രൂപം കൊള്ളുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് സംസ്ഥാന കൗണ്സിലിൽ രജിസ്റ്റർ ചെയ്യാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്തു പ്രവർത്തിക്കാനാവില്ല. സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കും. ഇങ്ങനെ തരംതിരിക്കുന്ന സ്ഥാപനങ്ങളിൽ ഗുണമേന്മയുള്ള ചികിത്സയും പരിശോധനയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിശ്ചയിച്ച ചികിത്സാ നിരക്ക് പൊതുജനങ്ങൾ കാണുംവിധം മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ നിരന്തര പരിശോധന നടത്താൻ കൗണ്സിലിനു ബിൽ അധികാരം നൽകുന്നുണ്ട്. മാനദണ്ഡങ്ങളിൽനിന്ന് ആശുപത്രികൾ വ്യതിചലിക്കുകയോ നിലവാരമുള്ള ചികിത്സ നൽകാതിരിക്കുകയോ ചെയ്താൽ പൊതുജനങ്ങൾക്കു പരാതി നൽകാൻ സംവിധാനമുണ്ട്. പരാതി ശരിയെന്നു കണ്ടാൽ രജിസ്ട്രേഷൻ റദ്ദാക്കാൻ കൗണ്സിലിന് അവകാശമുണ്ട്. പുതിയ നിയമ പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറി ചെയർമാനായി ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാന കൗണ്സിൽ സ്ഥാപിക്കും. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനായി എല്ലാ ജില്ലയിലും രജിസ്ട്രേഷനുള്ള അഥോറിട്ടി രൂപീകരിക്കും. അഥോറിട്ടിയുടെ മുകളിൽ അപ്പീൽ അധികാരമുള്ള സംസ്ഥാനതല അപ്പലേറ്റ് അഥോറിട്ടി രൂപീകരിക്കും. അഥോറിട്ടിയുടെയോ കൗണ്സിലിന്റെയോ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയോ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടസപ്പെടുത്തുകയോ ചെയ്താൽ അഥോറിട്ടിക്ക് ഒരു ലക്ഷം രൂപവരെ പിഴ ശിക്ഷ നൽകാവുന്നതാണ്. സി. മമ്മൂട്ടി, വി.എസ്.ശിവകുമാർ, റോഷി അഗസ്റ്റിൻ എന്നിവരുടെ വിയോജനക്കുറിപ്പോടെയാണ് ഇന്നലെ ബിൽ നിയമസഭയിൽ പാസാക്കിയത്.