ഗാർഹികപീഡനം പരാതികൾ; മൂന്നു ദിവസത്തിനകം ഹിയറിംഗ്; 60 ദിവസത്തിനകം തീർപ്പാക്കൽ പാലക്കാട്: ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീയുടെ പരാതി ലഭ്യമായി മൂന്ന് ദിവസത്തിനകം ഹിയറിങ് നടത്തി കോടതി നടപടികൾ ആരംഭിക്കുമെന്നും തുടർന്ന് ആദ്യ ഹിയറിങ് മുതലുളള 60 ദിവസത്തിനകം കേസ് തിർപ്പാക്കുമെന്നും സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണസെമിനാർ വ്യക്‌തമാക്കി. ഗാർഹിക പീഡന–സ്ത്രീധന നിരോധനദിനാചരണത്തിന്റെ ഭാഗമായാണ് ഈ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ നടന്നത്. പീഡനമേൽപ്പിക്കുന്ന പ്രായപൂർത്തിയായ പുരുഷനു പുറമെ അയാളുടെ സ്ത്രീകളുൾപ്പെടെയുളള ബന്ധുക്കൾക്കെതിരെയും സ്ത്രീക്ക് പരാതിപ്പെടാവുന്നതാണ്. ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസർ, പൊലീസ് ഓഫീസർ, ക്ഷേമസംഘടനകൾ, ജൂഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് അല്ലെങ്കിൽ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് എന്നിവർക്ക് പരാതി എഴുതിയാണ് സമർപ്പിക്കേണ്ടത്. ഗാർഹിക പീഡന നിയമം 2006 പ്രകാരം സ്ത്രീക്ക് മാത്രമെ പരാതിപ്പെടാൻ സാധ്യമാകൂവെങ്കിലും ഗാർഹിക പീഡന സമാനമായ സംഭവങ്ങൾ ഉണ്ടാകുമ്പോഴോ, ഗാർഹിക പീഢനം നടന്നുകൊണ്ടിരിക്കുമ്പോഴൊ, പീഡനം നടക്കാനുളള സാധ്യതയുളളപ്പോഴൊ ഇത് സംബന്ധിച്ച് അറിവുളള ആർക്കും പരാതിയൊ വിവരമോ നൽകാം. പീഡനത്തിന് ഇരയായവർക്ക് സൗജന്യ നിയമസഹായം ലഭിക്കുന്നതിന് ലീഗൽ കൗൺസലർമാരുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സേവനങ്ങൾ സർവീസ് പ്രൊവൈഡിങ് സെന്ററുകളിലും ഷെൽട്ടർ ഹോമുകളിലും ലഭ്യമാണ്. സ്ത്രീധനം സംബന്ധിച്ച പരാതികൾ റീജനൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാർക്ക് നൽകാം1961–ലെ സ്ത്രീധന നിരോധന നിയമപ്രകാരം 2004–ൽ സംസ്‌ഥാന സർക്കാർ പുറപ്പെടുവിച്ച സ്ത്രീധന നിരോധന ചട്ടം പറയുന്നത് സ്ത്രീധനം സംബന്ധിച്ചുളള പരാതികൾ സ്വന്തമായോ, രക്ഷിതാക്കൾ ,ബന്ധുക്കൾ , ഏതെങ്കിലും അംഗീകൃത സംഘടനയൊ സ്‌ഥാപനമോ മുഖേന റീജനൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാർക്ക് നൽകാമെന്ന് സെമിനാർ അറിയിച്ചു.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് റീജനൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാർ നിലവിലുണ്ട്. പരാതിയിലുളള കണ്ടെത്തലുകൾ ഒരു മാസത്തിനകം രേഖപ്പെടുത്തും. നിയമപ്രകാരം, വിവാഹിതരായ സർക്കാർ ഉദ്യോഗസ്ഥർ തങ്ങൾ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം ഭാര്യയുടേയും സ്വന്തം പിതാവിന്റേയും ഭാര്യ പിതാവിന്റേയും ഒപ്പോടെ വകുപ്പ് മേധാവിക്ക് സമർപ്പിക്കണം.ജില്ലാ ജാഗ്രതാ സമിതി അംഗം വിജയലക്ഷ്മി ടീച്ചർ അധ്യക്ഷയായി ഹോട്ടൽ ഗസാലയിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വനിത സെൽ സി.ഐ വി.കെ ബേബി, സാമൂഹികനീതീ ഓഫീസർ പി.ലൈല, ജില്ലാ പ്രോബേഷൻ ഓഫീസർ രാഹുൽ എ.എസ്, ജില്ലാ വിമെൻ പ്രൊട്ടക്ഷൻ ഓഫീസർ എം.വി സുനിത തുടങ്ങിയവർ സംബന്ധിച്ചു. ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം സംബന്ധിച്ച് അസി.പബ്ലിക്ക് പ്രൊസിക്യൂട്ടർ അഡ്വ.കെ ഷീബയും സ്ത്രീധന നിരോധന നിയമം സംബന്ധിച്ച് ജില്ലാ ഗവൺമെന്റ് പ്ലീഡർ–പബ്ലിക്ക് പ്രൊസിക്യൂട്ടർ അഡ്വ.വിനോദ് കൈനാട്ടും ക്ലാസെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.