കിളിമാനൂര്‍: ബുധനാഴ്ച്ച നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് -പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ നഗരൂര്‍ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ കീഴ്പേരൂര്‍ രാജേഷ് ഭവനില്‍ ബി.രത്നാകരന് പിള്ളയ്ക്ക്. വെഞ്ഞാറമൂട് പുല്ലമ്പാറ ജറാര്‍ ലക്കി സെന്ററില്‍ നിന്നു വിറ്റ എല്‍ഇ 261550 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. മുച്ചക്ര സൈക്കിളില്‍ കൊണ്ടുവന്ന വിതരണക്കാരനില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ലോട്ടറി ടിക്കറ്റ് നിരവധി തവണ എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം നഗരൂര്‍ പഞ്ചായത്തിലെ കീഴ്പേരൂര്‍ വാര്‍ഡിനെ പ്രതിനിധീകരിച്ച് രണ്ട് തവണ വിജയിച്ചിട്ടുണ്ട്. കീഴ്പേരൂര്‍ വാര്‍ഡിലെ ഭൂമിയില്ലാത്തവര്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങി നല്‍കണമെന്നതും തന്റെ ആഗ്രഹമാണെന്ന് രത്നാകരന്‍പിള്ള പറയുന്നു. കൃഷ്ണാസോമില് എന്ന പേരില്‍ തുമ്പോട് കൃഷ്ണന്‍കുന്നില്‍ തടിമില്‍ നടത്തിവരുകയാണ് രത്നാകരന്‍പിള്ള. ബേബി ഭാര്യയും ഷിബു, രാജേഷ്, രാജീവ്, രാജി, രജീഷ് എന്നിവര്‍ മക്കളുമാണ്.