തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണം സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ തയാറല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയം ഇപ്പോൾ സർക്കാരിന്റെയോ നിയമസഭയുടെയോ മുന്നിലില്ലെന്നു പ്രശ്നം സഭയിൽ ഉന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരേ സർക്കാരിനു പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. അഞ്ചു വർഷമായി ബിനോയ് വിദേശത്തു ജോലി ചെയ്യുകയാണ്. തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് വിശദീകരിച്ചിട്ടുണ്ട്. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തേണ്ട കാര്യമില്ല. ചവറ എംഎൽഎ വിജയൻപിള്ളയുടെ മകന്റെ പേരിൽ ഇതേ സംഭവത്തിൽ ചെക്കു കേസ് ഉണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ ഇതിന്റെ നിജസ്ഥിതി ഒന്നും സർക്കാരിനറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.