തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കും. ഇതു സംബന്ധിച്ചു സംസ്ഥാനത്തിനു ലഭിച്ച കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അറിയിപ്പു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ നേരിട്ടെത്തി, ശ്രീജിത്തിനു കൈമാറി. എന്നാൽ, അന്വേഷണം ഏറ്റെടുത്തു കൊണ്ടുള്ള സിബിഐയുടെ അറിയിപ്പു ലഭിക്കാതെ 771 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കില്ലെന്നു ശ്രീജിത്ത് അറിയിച്ചു. ഡൽഹി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചു കേരളം കൈമാറിയ കേസ് അന്വേഷിക്കുമെന്നു വ്യക്തമാക്കുന്ന കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ഉത്തരവ് ചീഫ് സെക്രട്ടറിക്കു ലഭിച്ചു. ഈ ഉത്തരവാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ നേരിട്ടെത്തി കൈമാറിയത്. വി.ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനു മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചെന്ന് എം.വി. ജയരാജൻ പറഞ്ഞു. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നിന്നു നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചതിൽ സർക്കാർ കക്ഷി ചേരും. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. സ്റ്റേ നീക്കുന്നതിനുള്ള നടപടികൾ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയിൽനിന്ന് അനുകൂല തീരുമാനമുണ്ടായാൽ സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായാണു ശ്രീജിത്ത് മുന്നോട്ടു പോകുന്നത്.