നെയ്യാറ്റിൻകര: കൗതുകകാഴ്ചകളാൽ സന്പന്നമായ ക്രിസ്മസ് വേൾഡിന് നാളെ പരിസമാപ്തി. പന്ത്രണ്ടു ദിവസത്തെ പ്രദർശനം ജനങ്ങൾ ഹൃദയപൂർവം സ്വീകരിച്ചതായി സംഘാടകർ. ഓലത്താന്നി ത്രീ ജി ഫ്രണ്ട്സ് എന്ന കൂട്ടായ്മയാണ് നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിൽ ക്രിസ്മസ് വേൾഡ് എന്ന വൈവിധ്യമാർന്ന പ്രദർശനം ഒരുക്കിയത്. 1200 ചതുരശ്രയടിയിൽ അവതരിപ്പിച്ചിരിക്കുന്ന ബലൂണ് വേൾഡാണ് മേളയിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ബലൂണുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നു. ജീവനുള്ള പുൽക്കൂടാണ് ക്രിസ്മസ് വേൾഡിന് ചാരുത പകരുന്ന മറ്റൊരു സവിശേഷത. ഇരുപത്തിയഞ്ചോളം കലാകാരന്മാർ ഉൾപ്പെടുന്നതാണ് ജീവനുള്ള പുൽക്കൂട്. കഥാസന്ദർഭത്തിനു യോജിച്ച വസ്ത്രധാരണമാണ് അവരുടേത്. ഉത്തർപ്രദേശിൽ നിന്നുള്ള ജമ്ന്യാപ്യാരി, ബാർബാറി, രാജസ്ഥാനിൽ നിന്നുള്ള സിരോഹി, മാർവാരി, ഗുജറാത്ത് ബ്രീഡായ ജാൽവാഡി എന്നിവയടക്കം പതിനഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ആടുകളും വെച്ചൂർ പശുവും ക്രിസ്മസ് വേൾഡിലെ കാഴ്ചകളിൽപ്പെടുന്നു. ചെമ്മരിയാട്, ഒട്ടകം, എമു മുതലായവയും ക്രിസ്മസ് വേൾഡിലുണ്ട്. പക്ഷിമൃഗാദികളോടൊപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോയും സെൽഫിയും പകർത്താനും തിര ക്കാണ്. കുട്ടികൾക്ക് കുതിരസവാരി ചെയ്യാനും അവസരമുണ്ട്. അമ്യൂസ്മെന്റ് പാർക്ക്, നഴ്സറി ഗാർഡൻ, സ്റ്റാർ ഫെസ്റ്റ്, വാട്ടർ ഫൗണ്ടേൻ വിത്ത് മ്യൂസിക് ആൻഡ് ലേസർ ഷോ എന്നിവയും ക്രിസ്മസ് വേൾഡിന്റെ മാറ്റു കൂട്ടുന്നു. ബ്രഹ്മി പായസവും വൈവിധ്യമാർന്ന ചിപ്സും വ്യാപാര സ്റ്റാളുകളിലെ രുചിപ്പെരുമ വർധിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന പ്രദർശനം രാത്രി പന്ത്രണ്ട് വരെ നീളുന്നു. മൈതാനത്തിനു സമീപത്തുതന്നെ പാർക്കിംഗ് സന്ദർശകർക്ക് സൗകര്യപ്രദമാണ്.