തിരുപ്പിറവി ആഘോഷമാക്കാൻ നാടും നഗരവും അവസാനവട്ട ഒരുക്കത്തിൽ. ബഹുവർണ നക്ഷത്രങ്ങളാലും വൈദ്യുതിദീപങ്ങളാലും അലംകൃതമാണു വീടുകളും കടകളും തെരുവുകളും. നഗരങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും വിപണനമേളകളിലും വൻ തിരക്കാണു കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്. ക്രിസ്മസിനു വീട് അലങ്കരിക്കാനും പുൽക്കൂടും ട്രീയും ഒരുക്കാനും കേക്ക് വാങ്ങാനുമായിരുന്നു തിരക്കേറെയും. കൊച്ചി നഗരത്തിലെ പ്രധാന വ്യാപാരമേഖലയായ ബ്രോഡ് വേ ഇന്നലെ ഉച്ചയ്ക്കുശേഷം ജനനിബിഡമായിരുന്നു. വസ്ത്രവ്യാപാരമേഖലയായ എംജി റോഡും തിരക്കിൽ മുങ്ങി. പത്തു മുതൽ 80 ശതമാനം വരെ ഓഫറുകളിലാണു വസ്ത്രവ്യാപാരം പൊടിപൊടിച്ചത്. കൊച്ചി മേഖലയിലെ ഷോപ്പിംഗ് മാളുകളും തിയറ്ററുകളും തിരക്കിലായിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകൾക്കു പുറമെ വിനോദ പരിപാടികളും മാളുകളിലും മേളകളിലും ഒരുക്കിയിരുന്നു. കുടുംബസമേതമാണ് ആളുകൾ നഗരങ്ങളിൽ ഷോപ്പിംഗിനെത്തിയത്. മറൈൻഡ്രൈവും സുഭാഷ് പാർക്കും ക്വീസ് വാക്ക് വേയും ക്രിസ്മസ് ആഘോഷമാക്കാൻ എത്തിയവരെക്കൊണ്ടു നിറഞ്ഞു. മെട്രോയിലും തിരക്ക് അനുഭവപ്പെട്ടു.