കേരളത്തിലും തമിഴ്നാട്ടിലുമായി മാലമോഷണ പരമ്പര; യുവാക്കള്‍ അറസ്റ്റില്‍: നെയ്യാറ്റിന്‍കര: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍നിന്നുമായി നിരവധി മാലകള്‍ പൊട്ടിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയിലായി. കഴക്കൂട്ടം വില്ലേജില്‍ ചെമ്പഴന്തി പുല്ലാന്നിവിള നര്‍മ്മദ ജങ്ഷന് സമീപം ശാലോം ഭവനില്‍ സോമന്‍റെ മകന്‍ സിബിന്‍ (19) , പളളിപ്പുറം വി ല്ലേജില്‍ പാച്ചിറ ചായ്പ്പുറത്ത് ഷഫീക്ക് മന്‍സിലില്‍ റഫീക്കിന്‍റെ മകന്‍ ഷഫീക്ക് (19) എന്നിവരാണ് നെയ്യാറ്റിന്‍കര പൊലീസിന്‍റെയും റൂറല്‍ ഷാഡോ ടീമിന്‍റെയും സംയുക്താന്വേഷണത്തില്‍ പിടിയിലായത്. കഴിഞ്ഞമാസം 22-ാം തിയതി നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവുമൊത്ത് നടന്ന് വന്ന വീട്ടമ്മയെ പിന്‍തുടര്‍ന്ന് വന്ന് തിരക്കേറിയ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വച്ച് 10 പവന്‍റെ മാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നുകളഞ്ഞ സംഭവ ത്തെക്കുറിച്ചുളള അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിന് വഴി തെളിച്ചത്. സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി അ ശോക്കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിക്കുകയും തുടര്‍ന്ന് സമീപകാലത്ത് സമാനമായ കുറ്റകൃത്യം ചെയ്തവരും ജയില്‍ മോചിതരുമായവരുമായ അന്‍പതോളം കുറ്റവാളികളെ നിരീക്ഷിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചതിന്‍റെ അടിസ്ഥാനത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സമാനമായ കേസില്‍ മുന്‍പും പൊലീസ് പിടിയിലായവരാണ്. ഒന്നാം പ്രതിയായ സിബിന്‍ കഴിഞ്ഞ വര്‍ഷം ബാലരാമപുരത്തുളള ആര്‍.സി തെരുവിന് സമീപം പുലര്‍ച്ചെ പളളിയില്‍ പോയ വീട്ടമ്മയെ ആക്രമിച്ച് മാലകവര്‍ന്നതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. പ്രതികളുടെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍ നിലവിലുണ്ട്. രണ്ടാം പ്രതിയായ ഷഫീക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ നിരവധി മോഷണ കേസുകളില്‍ പ്രതിയായ വ്യക്തിയാണ്. ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജയില്‍ മോചിതാനായിട്ട് മൂന്ന് മാസത്തോളമേ ആയിട്ടുളളു. ഷഫീക്കിന്‍റെ പേരില്‍ പല സ്റ്റേഷനുകളിലായി ഇരുപതോളം കേസുകള്‍ നിലവിലുണ്ട്. പൊട്ടിച്ചെടുക്കുന്ന മാലകള്‍ സ്വകാര്യ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണയംവച്ച് ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിക്കുന്നതെന്ന് പ്രതികള്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സി.ഐ എം.എസ്.പ്രദീപ്കുമാര്‍ , ആറ്റിങ്ങള്‍ സി.ഐ എം.അനില്‍കുമാര്‍ , നെയ്യാറ്റിന്‍കര എസ്.ഐ ബിജോയ് , ഷാഡോ ടീം എസ്.ഐ സിജു , ഷാഡോ ടീം അംഗങ്ങളായ പോള്‍വിന്‍ , പ്രവീണ്‍ ആനന്ദ് , അജിത് , എ.എസ്.ഐമാരായ സദാനന്ദന്‍ , ശ്രീകണ്ഠന്‍ , ജെറാള്‍ഡ് , സി.പി.ഒമാരായ അനില്‍കുമാര്‍ , വിപിന്‍ , രാജ് മഹേഷ് , ഹരീഷ് എന്നിവരയങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.